Monday, December 16, 2013

സൈക്കിള്‍



കൂട്ടുക്കാരന്‍ ശ്യാമിന്റെ അച്ഛന്‍ വാങ്ങി കൊടുത്ത പുതിയ സൈക്കിള്‍ തലങ്ങും വിലങ്ങും കണ്ണോടിക്കുകയാണ് അച്ചു. വാഹനങ്ങളോട് എല്ലാ കുട്ടികള്‍ക്കും ഉള്ളതു പോലെ ഒരു അഭിനിവേശം അച്ചുവിനും ഉണ്ട്. ശ്യാമിന്റെ സൈക്കിള്‍ ഓടിച്ചു നോക്കാനും അച്ചുവിന് ആഗ്രഹം ഉണ്ട്. നന്നെ ചെറുപ്പത്തില്‍ തന്നെ അച്ചു അച്ഛന്റെ സെക്കിള്‍ ഓടിച്ചു പഠിച്ചു എന്നാല്‍ സ്വന്തമായി ഒരു സൈക്കിള്‍, ആ ആഗ്രഹം ഒരു സ്വപ്‌നമായി അങ്ങനെ നില നില്‍ക്കുന്നു.
ശ്യാം തന്റെ സൈക്കിളില്‍ പറ്റിയിരിക്കുന്ന പൊടി തുണികൊണ്ട് തട്ടികളയുകയാണ്.
അച്ചു സൈക്കിളിന്റെ ഹാന്ഡിലിലും സീറ്റിലും കൈ അമര്‍ത്തി ഞെളിഞ്ഞു നിന്നു.
' എടാ ഞാന്‍ ഇതൊന്ന് ഓടിച്ചു നോക്കിയാലോ? '
ശ്യാം മുഖമുയര്‍ത്തി അച്ചുവിനെ നോക്കി. പിറകില്‍ ആരെങ്കിലും ഉണ്ടോ എന്ന അര്‍ത്ഥത്തില്‍ പിന്നിലേക്കും നോക്കി.
'വേണ്ടട. അച്ഛനുണ്ട്, ചീത്ത പറയും'
അച്ചു പതുക്കെ തിരിച്ചു നടന്നു. അച്ചുവിന്റെ കണ്ണിലൂടെ ശ്യാമിനേടുള്ള ദേഷ്യവും സ്വന്തമായി സൈക്കിള്‍ ഇല്ലാത്തതിന്റെ സങ്കടവും കണ്ണുനീരായി ഒഴുകി.
തന്റെ ആഗ്രഹം എങ്ങനെ നടപ്പിലാക്കും എന്ന ചിന്തയില്‍ അച്ചു മുഴുകി.
'അച്ചു നിനക്കു ചോറു വേണ്ടെ? സമയെത്രയായി.' അമ്മ അവന്റെ തോളില്‍ തട്ടി കൊണ്ട് ചോദിച്ചു.
'എനിക്കൊന്നും വേണ്ട' അച്ചു മുഖം താഴ്ത്തി വായ കൂര്‍പ്പിച്ചു കൊണ്ട് പറഞ്ഞു.
'അതെന്താ?'
എങ്ങനെ അമ്മയോട് പറയും എന്ന സംശയത്തില്‍ അച്ചു കുറച്ചു നേരം മിണ്ടാതിരുന്നു.
'ചേദിച്ചതു കേട്ടില്ലെ നീ, എന്താ നിനക്കു ചോറു വേണ്ടാത്തെ?'
'എനിക്കൊരു സൈക്കിള്‍ വേണം' അച്ചു ഗൗരവം വിടാതെ പറഞ്ഞു
'സൈക്കിളോ? എന്താ ഇപ്പൊ ഇങ്ങനെ ഒരു പൂതി.'
അതും പറഞ്ഞ് അമ്മ അടുക്കളയിലേക്കു പോയി. വിശപ്പുകൊണ്ട് വയറ് അമ്മയ്ക്കു വിളിക്കുന്നുണ്ടെങ്കിലും അച്ചു നിരാഹാരവുമായി മുന്നോട്ടു പോയി.
'അച്ചു മര്യാദയ്ക്ക് ചോറുണ്ടോ, അല്ലെങ്കില്‍ വൈകീട്ട് അച്ഛന്റെ കയ്യില്‍ നിന്ന് മേടിക്കും നീ'.
സമരമുഖത്തെ പോലീസ് ലാത്തിചാര്‍ജ് പോലെ അമ്മയുടെ ഭീഷണിയുടെ ലാത്തി തലങ്ങു വിലങ്ങും വീണു കൊണ്ടിരുന്നു. പക്ഷെ ഭാവി ചെഗുവേര വിടാന്‍ ഉദ്ദേശമില്ലായിരുന്നു.
അല്‍പനേരം കഴിഞ്ഞ് അമ്മ വീണ്ടും വന്നു. ഇത്തവണ അനുനയത്തിന്റെ സ്വരത്തിലായിരുന്നു സംസാരം.
'മോനെന്തിനാ ഇപ്പൊ സൈക്കിള്‍, നീ കൊച്ചു കുട്ടിയല്ലേ.' അമ്മ സ്വരം താഴ്ത്തി ചോദിച്ചു.
'എന്റെ എല്ലാ കൂട്ടുകാര്‍ക്കും സ്വന്തമായി സൈക്കിള്‍ ഉണ്ട്. ഒന്നു ഓടിക്കാന്‍ ചോദിച്ചല്‍ ഒടുക്കത്തെ പോസ്'.
ചുണ്ടുകള്‍ 'റ' പോലെ വളച്ച് നിറഞ്ഞ കണ്ണുകളോടെ അച്ചു അമ്മയെ നോക്കി പറഞ്ഞു.
അമ്മ അവന്റെ തലയില്‍ വിരലോടിച്ച് ചിന്തയിലാഴ്ന്നു.
'അച്ഛനോട് പറഞ്ഞ് ഒരു സൈക്കിള്‍ വാങ്ങി തരാം. പക്ഷെ ഒരു കണ്ടീഷന്‍ ഉണ്ട്.'
അതെന്താണെന്നറിയാനുള്ള വ്യഗ്രതയില്‍ അച്ചു അമ്മയെ നോക്കി.
'ഇത്തവണത്തെ കൊല്ലപരീക്ഷയ്ക്ക് മോന്‍ ക്ലാസ്സില്‍ ഫസ്റ്റാകണം.'
ഇതൊരുമാതിരി ചെയ്ത്തായിപ്പോയി എന്ന രീതിയില്‍ അച്ചു തല കുമ്പിട്ടിരുന്നു.
'ശരി'. എന്നു പറഞ്ഞ് അച്ചു ഭക്ഷണം കഴിക്കാനിരുന്നു. തന്റെ ലക്ഷ്യത്തിലേക്ക് അധികം ദൂരമില്ല എന്ന് ഓര്‍ത്ത് അച്ചു സന്തോഷിച്ചു, അതേ സമയം പാത ദുഷ്‌കരമാണെന്ന സങ്കടവും അവന്റെ മനസ്സില്‍ മാറി മാറി വന്നു.
കൊല്ലപരീക്ഷ സാമാന്യം നല്ല രീതിയില്‍ തന്നെ അച്ചു എഴുതി. ട്യൂഷന്‍ ടീച്ചര്‍ക്ക് നന്ദി.
കൊല്ലപരീക്ഷയുടെ റിസള്‍ട്ട് വന്ന കാര്യം നന്ദുവാണ് വന്ന് പറഞ്ഞത്. അച്ചു വേഗം തയ്യാറായി സ്‌കൂളിലേക്ക് പുറപ്പെട്ടു. അവന്റെ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു. ഒന്നാം സ്ഥാനം കിട്ടിയില്ലെങ്കില്‍ സൈക്കിള്‍ കിട്ടില്ലല്ലോ എന്നോര്‍ത്തല്ല. ആദ്യം ഒന്നു ജയിച്ചു കിട്ടിയാ മതിയായിരുന്നു എന്ന കാരണം കൊണ്ട്.
പതിവുപോലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സന്ദീപ്, അജിത്ത്, ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കിട്ടെടുത്തു. പക്ഷെ നാലാം സ്ഥാനത്തെ പേരു വായിച്ചപ്പോള്‍ അച്ചുവിനൊരു സംശയം. അതു തന്റെ പേരു തന്നെയല്ലേ എന്നു വീണ്ടും ഉറപ്പിച്ചു. അച്ചുവിന് സന്തോഷം കൊണ്ട് തുള്ളിച്ചാടണം എന്നുണ്ടായിരുന്നു. അച്ചു തിരിച്ചു വീട്ടിലേക്ക് പറന്നു. അമ്മ ഈ വിവരം അറിയുമ്പോള്‍ അമ്മയുടെ പ്രതികരണം എന്തായിരിക്കും എന്ന് ഓര്‍ത്ത് അച്ചു സ്വയം ചിരിച്ചു.
അമ്മ സന്തോഷവതിയായരുന്നു. എല്ലാവരേക്കാളും. അന്ന് അച്ചുവിന് കൊടുത്ത വാക്കും അമ്മ ഓര്‍ത്തു.
'മോന് സൈക്കിള്‍ വാങ്ങണ്ടെ?.'
'അതിന് ഞാന്‍ ഒന്നാമതല്ലല്ലോ?' അച്ചു സംശയത്തോടെ ചോദിച്ചു.
'ശരി. അപ്പൊ സമ്മാനമായി മോനെന്താ വേണ്ടത്?'
'എനിക്ക് സൈക്കിളു തന്നെ മതി. ഞാന്‍ കഷ്ടപ്പെട്ടു പഠിച്ചതാ...' അച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു. ആ ചിരിയില്‍ അവന്റെ അമ്മയും പങ്കുചേര്‍ന്നു.

No comments:

Post a Comment